ആണ്ടിയിറക്കത്ത് കണക്കുതമ്പി പദ്മനാഭൻ ഇരയുമ്മൻ അഥവാ രവിവർമ്മ തമ്പി.

ആണ്ടിയിറക്കത്ത് കണക്കുതമ്പി പദ്മനാഭൻ ഇരയുമ്മൻ അഥവാ രവിവർമ്മ തമ്പി.

തിരുവിതാംകൂർ രാജകൊട്ടാരത്തിലെ ഗ്രന്ഥവരികളിലും, ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ രേഖകളിലും ഇങ്ങനെയൊരു പേര് പലയിടത്തും സൂചിപ്പിച്ചിട്ടുണ്ട്. പക്ഷെ നമ്മൾ മലയാളികൾക്ക് ഈ വ്യക്തി മറ്റൊരു പേരിലാണ് സുപരിചിതൻ...
 ആ പേരാണ്... "ഇരയിമ്മൻ തമ്പി"

18-ാം നൂറ്റാണ്ട് മലയാളത്തിന് സമ്മാനിച്ച സംഗീത പ്രതിഭ. 239 കൊല്ലങ്ങൾക്ക് മുൻപ് ചേർത്തല വാരനാട് നടുവിലെ കോവിലകത്ത് പിറന്ന്, തിരുവിതാംകൂറിൻ്റെ രാജകവിയായ് മാറിയ മഹാൻ. സ്വാതി തിരുനാളിൻ്റെ സംഗീത ഗുരു. ആറ് ഭരണാധികാരികളുടെ കാലഘട്ടത്തിലൂടെ തിരുവിതാംകൂറിനെ അടുത്തറിഞ്ഞ 
കവിരാജപ്രമാണി.
''ഇരയിമ്മൻ തമ്പി"

ധർമ്മരാജാ കാർത്തിക തിരുനാളിൻ്റെ കനിഷ്ഠ സഹോദര പുത്രിയുടെ മകനായ് പിറന്ന  രവിവർമ്മൻ തമ്പിയെ 14-ാം വയസിൽ  തിരുവിതാംകൂറിലേക്ക് കൂട്ടുന്നതും, "ഇരയിമ്മൻതമ്പി" എന്ന വിളിപ്പേര് ചാർത്തിക്കൊടുത്തതും സാക്ഷാൽ ധർമ്മരാജാവ് തന്നെയാണ്. ശേഷം "അവിട്ടം തിരുനാൾ ബാലരാമവർമ്മയ്ക്കും", "മഹാറാണി ഗൗരിലക്ഷ്മീഭായിയ്ക്കും", "റാണി ഗൗരീ പാർവതീഭായിയ്ക്കും", "സ്വാതി തിരുനാളിനും", "ഉത്രം തിരുനാളിനും" ആ കാവ്യസപര്യയെ അടുത്തറിയാനും  നേരിട്ടനുഭവിക്കാനുള്ള ഭാഗ്യമുണ്ടായി എന്നു പറയുന്നതിൽ അതിശയോക്തിയില്ല.
അദ്ദേഹവുമായുള്ള  ആത്മബന്ധം സ്വാതിയിലെ സംഗീതജ്ഞനെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
അസാമാന്യമായ പദസമ്പത്തും, രസാത്മകതയും, സംഗീതാത്മകതയും ഇരയിമ്മൻ കൃതികളുടെ പ്രത്യേകതകളായിരുന്നു.
റാണിയുടെ നിർദ്ദേശപ്രകാരം, സ്വാതിയെ ഉറക്കുവാനായ് രചിച്ച "ഓമനത്തിങ്കൾ കിടാവോ... നല്ല കോമള താമര പൂവോ'' എന്ന താരാട്ട് മാതൃത്വത്തിൻ്റെ അവാച്യഅനുഭൂതിയുടെ ആകെത്തുകയാണ്.

"പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദ രസത്തെ...പറവതിനെളുതാമോ..." എന്ന രചന രതി - ശൃംഗാര രസങ്ങളുടെ വേലിയേറ്റമാണ് സൃഷ്ടിക്കുന്നത്.
 
"കരുണ ചെയ് വാനെന്ത് താമസം കൃഷ്ണാ... ", 
 "നീലവർണ്ണ പാഹിമാം സന്തതം നവനീത കൃഷ്ണ...",
 "അടിമലരിണതന്നെ... കൃഷ്ണാ..." 
എന്നിവ ഭക്തിരസപ്രദമായ കൃഷ്ണവർണ്ണനകളാണ്. 
"വീര വിരാട കുമാര വിഭോ..." എന്ന കുമ്മിയും ഏറെ പ്രശസ്തമാണ്.

ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം മുതലായ ആട്ടക്കഥകളും, നിരവധി ശ്ലോകങ്ങളും, കീർത്തനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
സ്വാതിയ്ക്ക് ഉറക്കുപാട്ട് രചിച്ച അതേ തൂലിക കൊണ്ട്, അദ്ദേഹത്തിൻ്റെ വിയോഗ സമയത്ത്
"ഭക്തി ശ്രീപത്മനാഭെ ഭവതുധുകകലി ശ്രദ്ധയാ സൗന്ദ ഹേയാ..." എന്ന ശ്ലോകം  രചിക്കേണ്ടി വന്നതും നിയോഗം. 

കാലയവനികയിൽ പൊലിഞ്ഞിട്ടും, കാലാന്തരങ്ങളിലേക്ക് പടർന്നു നിറയുന്ന മഹത്തായ കലാസൃഷ്ടികളാൽ ഇരയിമ്മൻതമ്പി ഇന്നും സാഹിത്യത്തിൻ്റെ ഉത്തുംഗതയിൽ തന്നെ വിരാജിക്കുകയാണ്.

ഏറെ നിയമയുദ്ധത്തിനും, പ്രതികൂല സാഹചര്യങ്ങൾക്കും, കുടുംബ അവകാശ തർക്കങ്ങൾക്കുമൊടുവിൽ അദ്ദേഹം ജനിച്ച ചേർത്തലയിലെ വാരനാട് നടുവിലേ കോവിലകം, 2006 ൽ സംസ്ഥാന പുരാവസ്തു വകുപ്പിന് കൈമാറുകയും, നിലവിൽ സംരക്ഷിത സ്മാരകമായി പ്രവർത്തിച്ചു വരികയും ചെയ്യുന്നു. 
തിരുവിതാംകൂറിൻ്റെ പ്രൗഡഗംഭീരമായ രാജഭരണകാലത്തെ കാവ്യാത്മകവും സംഗീതാകവുമാക്കിത്തീർത്ത മഹാന്മാരോടൊപ്പം ഇരയിമ്മൻ തമ്പിയേയും നമുക്ക് മനസ്സാ സ്മരിക്കാം...

Comments

Popular posts from this blog

ഭക്തന്_കാവൽ_ഭഗവാൻ

വംശി നാരായൺ മന്ദിർ

ഒരു നർമ്മ കഥ