chetaman primal ചേരമാൻ പെരുമാൾ
ചേരമാൻ പെരുമാൾ മക്കയ്ക്കു പോയിട്ടുമില്ല,
മുസ്ലീം മതം സ്വീകരിച്ചിട്ടുമില്ല.
തെറ്റായ ചരിത്രം സൃഷ്ടിച്ച്, അതാണ് ചരിത്രം എന്ന് സ്വയം വിശ്വസിച്ച്, അതുതന്നെ പറഞ്ഞുകൊണ്ടിരിയ്ക്കുന്നവരുടെ അറിവിലേയ്ക്കാണ് ഈ കുറിപ്പ്.
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രത്തിൽ ഒരു മഹോത്സവം ഈ ഓഗസ്റ്റ് ഒന്നിന് നടക്കുന്നുണ്ട്.
ഈ ക്ഷേത്രത്തെപ്പറ്റിയും ക്ഷേത്രത്തിന് ചേരമാൻ പെരുമാളുമായുള്ള ബന്ധത്തെപ്പറ്റിയും അറിഞ്ഞാൽ, ഈ കപടചരിത്രം തത്സമയം വീണുടയുന്നത് കാണാം.
ചേരരാജവംശത്തിൻ്റെ കുടുംബക്ഷേത്രമാണ് തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം.
ഈ ഓഗസ്റ്റ് ഒന്ന് എന്നത് ചോതി നാൾ ആണ്.
കർക്കടക മാസത്തിലെ ചോതി.
'കർക്കടകച്ചോതി മഹോത്സവം' എന്നാണ് ഈ ഉത്സവത്തിൻ്റെ പേര്.
ആടിമാസമായതിനാൽ 'ആടിച്ചോതി മഹോത്സവം' എന്നും പേര്.
തമിഴ്നാട് മുഴുവൻ കേരളത്തിലേയ്ക്ക് ഒഴുകിവരുന്ന ക്ഷേത്രോത്സവമാണ് ഇത്.
ഇരുപത്തെട്ടാം തീയ്യതിതന്നെ, ക്ഷേത്രത്തിൽ, തമിഴ് നാട്ടുകാർ ഏറെപ്പേർ എത്തിക്കഴിഞ്ഞു.
പുരാവസ്തുവിന് കീഴിലുള്ള ഈ ക്ഷേത്രം അടിച്ചുതുടച്ച് വൃത്തിയാക്കി, പാത്രങ്ങളും നിലവിളക്കുകളും ചുറ്റുവിളക്കുകളുമെല്ലാം കഴുകി ഭംഗിയാക്കുന്ന പണികളിലാണ് ഇവിടെ ഈ ദിവസങ്ങളിൽ തമിഴ് നാട്ടുകാർ.
ആടിച്ചോതി നാൾ ആയ ഓഗസ്റ്റ് ഒന്നാന്തിയുടെ തലേന്നുതന്നെ വൈകുന്നേരം നാല് മണിയോടെ, ക്ഷേത്രത്തിനകത്തുള്ള സുന്ദരമൂർത്തി നായനാരുടെയും ചേരമാൻ പെരുമാളിൻ്റെയും വിഗ്രഹങ്ങൾ
ഈ തമിഴ് ശൈവഭക്തർ, കൊടുങ്ങല്ലൂർ ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുപോകുന്ന ഗംഭീര ചടങ്ങാണ് ഒരു ഉത്സവഭാഗം.
കൊടുങ്ങല്ലൂരമ്പലത്തിലെ മഹാദേവനു മുന്നിലെ പൂജ കഴിഞ്ഞാൽ, വിഗ്രഹങ്ങളെ വെള്ളാനപ്പുറത്തും വെള്ളക്കുതിരപ്പുറത്തും ഇരുത്തി, തിരികെ , തിരുവഞ്ചിക്കുളത്തേയ്ക്കുള്ള ഘോഷയാത്രയാണ്.
സംഗീതസാന്ദ്രമായ ഘോഷയാത്ര.
ജീവിതത്തിലൊരിയ്ക്കലെങ്കിലും ഒരാൾ തീർച്ചയായും പങ്കെടുക്കേണ്ടതായ ഉത്സവം.
ഭക്തിയുടെയും ആനന്ദത്തിൻ്റെയും സമർപ്പണത്തിൻ്റെയും ഉത്തമ ഉദാഹരണമായി മാറുന്ന ദൃശ്യങ്ങൾ.
ഈ ഉത്സവത്തിന് പുറകിലെ ചരിത്രം/ ഐതിഹ്യം എന്തെന്ന് നോക്കുംമുൻപ് തിരുവഞ്ചിക്കുളം ക്ഷേത്രത്തിൻ്റെ പ്രത്യേകതകൾ നോക്കാം.
ഇവിടെയുള്ള ശിവൻ സ്വയം ഭൂ ആണ്.
രാത്രി, ശിവനെയും പാർവ്വതിയേയും പള്ളിമഞ്ചലിൽ ഇരുത്തി, പള്ളിയറയിലേയ്ക്ക് എഴുന്നെള്ളിച്ച്, താരാട്ടുപാടി , ആട്ടുമഞ്ചലാട്ടി ഉറക്കുന്ന ചടങ്ങ് കേരളത്തിൽ നടക്കുന്ന ക്ഷേത്രമാണ്.
ഏറ്റവും കൂടുതൽ ഉപപ്രതിഷ്ഠകൾ ഉള്ള കേരളക്ഷേത്രമാണ്.
എല്ലാം ശൈവസങ്കല്പങ്ങൾ.
ഒരൊറ്റ വൈഷ്ണവ പ്രതിഷ്ഠപോലും ഇവിടെ ഇല്ല.
അനേകർ തപസ്സ് ചെയ്ത് ഊർജ്ജമുയർന്ന ഭൂമിയാണ്.
നടരാജൻ്റെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ്.
സുന്ദരമൂർത്തിനായനാരുടെ കൃതികൾ, അദ്ദേഹം ആലപിക്കുന്നത് കേട്ട്, ശിവൻ, ക്ഷേത്രാങ്കണത്തിൽ ആനന്ദനൃത്തമാടി എന്നതാണ് ഈ നടരാജപ്രതിഷ്ഠയുടെ പുറകിലെ കഥ.
ശൈവസിദ്ധരുടെ പ്രതിഷ്ഠയുള്ള കേരളക്ഷേത്രം.
ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട്, സമുദ്രത്തിൽ നടക്കുന്ന അപൂർവ്വതയും ഈ ക്ഷേത്രത്തിനുണ്ട്.
പരശുരാമൻ പ്രതിഷ്ഠിച്ച 108 ശിവാലയങ്ങളിൽപ്പെട്ട ക്ഷേത്രമാണ്.
ക്ഷേത്ര ഐതിഹ്യം ഇപ്രകാരം.
കോപിച്ചുനിൽക്കുന്ന അച്ഛൻ്റെ ആവശ്യപ്രകാരം അമ്മയായ രേണുകയെ വധിച്ച പരശുരാമൻ, അതിൻ്റെ പാപബോധത്തിൽനിന്നും പുറത്തുകടക്കാൻ ശിവനെ തപസ്സുചെയ്ത ഇടമാണ് തിരുവഞ്ചിക്കുളം.
ഒരു കൊന്നമരച്ചുവട്ടിലാണ് തപസ്സിരുന്നത്.
ഭഗവാൻ പ്രത്യക്ഷപ്പെട്ടപ്പോൾ പരശുരാമൻ അദ്ദേഹത്തെ കുടുംബസമേതനായി ഇവിടെ പ്രതിഷ്ഠ ചെയ്തു.
തപസ്സുചെയ്ത കൊന്നമരം വർഷം മുഴുവൻ പൂക്കുന്ന കൊന്നയായി ഇന്നും അത്ഭുതം പടർത്തി ക്ഷേത്രത്തിനുള്ളിലുണ്ട്.
ഇതിനു ചുവട്ടിൽ കൊന്നയ്ക്കൽ ശിവൻ്റെ പ്രതിഷ്ഠയും ഉണ്ട്.
ക്ഷേത്രത്തിനകത്ത് പാണ്ടിമേളം നടക്കുന്ന അപൂർവ്വ ക്ഷേത്രങ്ങളിലൊന്നാണ്.
ഇനി, ചേരമാൻ പെരുമാളിൻ്റെ കഥ.
63 തമിഴ് ശൈവനായൻമാരിലെ പരമപ്രധാനിയായ സുന്ദരമൂർത്തി നായനാരും
ചേരമാൻ പെരുമാളും സമകാലീനരും സുഹൃത്തുക്കളുമായിരുന്നു.
'തേവാരം' എന്നറിയപ്പെടുന്ന ശൈവഗ്രന്ഥം സുന്ദരമൂർത്തി നായനാർ രചിച്ചതാണ്.
'തേവാരം പാടൽ' എന്നത് ആടിച്ചോതി ഉത്സവത്തിൻ്റെ പ്രധാന ആകർഷണമാണ്.
ശിവക്ഷേത്രങ്ങളിലൂടെ പാട്ടും സ്തുതിയുമായി സഞ്ചരിച്ചിരുന്ന നായനാർക്കൊപ്പം അവസാനകാലങ്ങളിൽ മിക്കപ്പോഴും ചേരമാൻ പെരുമാളും ഉണ്ടായിരുന്നു.
സമയമായപ്പോൾ സുന്ദരമൂർത്തി നായനാരെ സ്വർഗ്ഗത്തിലേയ്ക്ക് കൊണ്ടുപോകാൻ, മഹാദേവൻ്റെ നിർദ്ദേശപ്രകാരം, ഇന്ദ്രൻ്റെ ഐരാവതം തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ വന്നു.
നായനാർ ഭൂതഗണങ്ങളോട്, പെരുമാളെക്കൂടി കൊണ്ടുപോകാൻ അപേക്ഷിച്ചു.
എന്നാൽ, ശിവൻ്റെ നിർദ്ദേശത്തിൽ അതില്ല എന്ന് പറഞ്ഞ് അവർ അപേക്ഷ നിരസിച്ചു.
ക്ഷേത്രത്തിലെത്തിയ ചേരമാൻ പെരുമാൾ, ഈ സമയത്ത്, തൻ്റെ വെള്ളക്കുതിരയുടെ ചെവിയിൽ, ഐരാവതത്തോടൊപ്പം പോകാൻ ആവശ്യപ്പെടുന്നു.
ഒപ്പം, ചെവിയിൽ നമഃശിവായയും ജപിയ്ക്കുന്നു.
വെള്ളക്കുതിര, മുകളിലിരിക്കുന്ന ചേരമാൻ പെരുമാളെയും വഹിച്ച് പറന്നുതുടങ്ങുന്നു.
ഐരാവതത്തിൻ്റെ പുറത്തുള്ള സുന്ദരമൂർത്തി നായനാരും
വെള്ളക്കുതിരപ്പുറത്തെ ചേരമാൻ പെരുമാളും സ്വർഗ്ഗകവാടത്തിലെത്തുന്നു.
വീണ്ടും ചേരമാനെ ദേവതകൾ തടയുന്നു.
സുന്ദരമൂർത്തി നായനാർ തൻ്റെ സുഹൃത്തും കറകളഞ്ഞശിവഭക്തനും ആയ പെരുമാളെ കൂടെ ചേർക്കാൻ വീണ്ടും അപേക്ഷിക്കുന്നു.
എന്നാൽ, മഹാദേവൻ്റെ നിർദ്ദേശമില്ല എന്ന കാരണത്താൽ, അവർ പെരുമാളെ സ്വീകരിക്കുന്നില്ല.
നമഃശിവായയുടെ ബലത്തിലും പെരുമാളുടെ ശിവഭക്തിയുടെ ഉദാത്തഭാവത്തിലും ആദരവ് തോന്നിയ മഹാദേവൻ ഭൂതഗണങ്ങളെ വിട്ട് പെരുമാളെയും സ്വീകരിക്കുന്നു.
ഇപ്രകാരം ചേരമാൻ പെരുമാളും സുന്ദരമൂർത്തി നായനാരും തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽനിന്നും ഉടലോടെ സ്വർഗ്ഗത്തിലേയ്ക്ക് പോയ ദിവസം എന്നത് , കർക്കടകമാസത്തിലെ ചോതിനാൾ ആണ്.
അതായത്, ആടിമാസത്തിലെ ചോതിനാൾ.
ഇതാണ് ഈ ഓഗസ്റ്റ് ഒന്നിന് തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ നടക്കുന്ന ആടിച്ചോതി മഹോത്സവം.
ഞാൻ നാലുനാൾ മുന്നേ ക്ഷേത്രത്തിലെത്തി, ജീവനക്കാരോട് ഉത്സവകാര്യങ്ങൾ തിരക്കി.
ചെറിയ വിഷമത്തോടെ അവർ പറഞ്ഞത് പറയട്ടെ;
"അത് തമിഴൻമാരുടെ ഉത്സവമാണ്.
നമ്മളുമായി ബന്ധമുള്ളതല്ല." എന്നാണുത്തരം കിട്ടിയത്.
തമിഴ്‌നാട്ടിലെ ഭക്തർ ക്ഷേത്രത്തിൽ വന്നുനിറയുന്ന ഉത്സവത്തിൻ്റെ ഒരു നോട്ടീസ് പോലുമടിച്ചിട്ടില്ല ക്ഷേത്രഭാരവാഹികൾ.
ഞാൻ വീണ്ടും ചോദിച്ചു.
"ഇതിന്, 'കുറി കൊടുക്കുക' എന്നൊരു ആചാരം ഉണ്ടായിരിക്കണമല്ലോ. തമിഴ് സന്ന്യാസികളെ ക്ഷണിക്കാൻ ദേവസ്വം കത്ത് കൊടുക്കാറുണ്ടോ ?"
തീർത്തും അലസമായ മറുപടി.
"വിളിച്ചില്ലെങ്കിലും അവർ വരും."
ഞാൻ വീണ്ടും ചോദിച്ചു.
"എന്തായാലും ആചാരം എന്ന നിലയ്ക്ക്, ഒരു കുറി കൊടുക്കൽ കാലങ്ങളായി ഉണ്ടായിരുന്നിരിക്കില്ലേ ?
മഠാധിപതികളെ ക്ഷണിക്കാനെങ്കിലും ?"
"ഇല്ല.
ഇപ്പോൾ അതൊന്നും പതിവില്ല."
മലയാളികളിൽ പലർക്കും അറിയാത്തൊരു ഉത്സവം.
മഹോത്സവം എന്നുതന്നെ പറയാം.
ഒരുപാട് ബസ്സുകളിൽ തമിഴ്നാട്ടിൽനിന്നും വന്ന്, നഗരം നിറയുന്ന ജനത്തിരക്കുള്ള ഉത്സവം.
ഇതിനെ കേരളത്തിൻ്റെകൂടി ജനകീയ ഉത്സവമാക്കി അംഗീകരിച്ചാൽ, കേരളാ- തമിഴ്നാട് എന്ന സൗഹൃദത്തിന് എന്തൊരു കാവ്യഭംഗിയായിരിക്കും!
അനീഷ് , പ്രദീപ് തുടങ്ങിയവരാണ് ഇതിന് മറുപടി പറഞ്ഞത്.
"ഇതിനെ ജനങ്ങൾ ഏറ്റെടുത്താൽ, ചേരമാൻ പെരുമാൾ മക്കയിൽപ്പോയി മതം മാറി എന്ന പ്രൊപ്പഗാൻ്റ പൊളിയില്ലേ !
അപ്പൊ ഇങ്ങനെയൊക്കെയങ്ങ് പോകട്ടെ എന്ന മട്ടാണ് അധികാരികൾക്ക്."
അപ്പോൾ ഇനി നമ്മൾ എന്ത് ചെയ്യണം ?
ഓഗസ്റ്റ് ഒന്നാന്തിയ്ക്ക് തലേന്ന്,
അതായത് 31-07-25 എന്ന ദിവസം വൈകുന്നേരം നടക്കുന്ന ;
വെള്ളാനപ്പുറത്തും വെള്ളക്കുതിരപ്പുറത്തും നടക്കുന്ന ഘോഷയാത്രയിൽ പങ്കെടുക്കുക.
ഒന്നാംതിയ്യതി നടക്കുന്ന ആടിച്ചോതിയുത്സവത്തിലും സജീവമായി പങ്കെടുക്കുക.
ക്ഷേത്രത്തിനുള്ളിലെ, നായനാരുടെയും പെരുമാളിൻ്റെയും പ്രതിഷ്ഠകളെ മനസ്സറിഞ്ഞ് തൊഴുകുക.
ചരിത്രവും ഐതിഹ്യവും സനാതനധർമ്മവും താത്പര്യമുള്ളവരോടെല്ലാം പറയുക;
"ചേരമാൻ പെരുമാൾ അവസാനംവരെ ശിവഭക്തനായിരുന്നു"
എന്ന്.
കഥകൾ കൂടുതൽ അറിയാൻ, കെട്ടിച്ചമച്ച ചരിത്രത്തിന് പകരം,
പെരിയ പുരാണവും തേവാരപ്പതികങ്ങളും വായിക്കുക.
താഴെ കമൻ്റ് ബോക്സിൽ കൊടുക്കുന്ന ലിങ്കുകൾ കൂടുതൽ അറിവിന് ഉപകരിയ്ക്കും.
✍️ Jayaraj Mithra
ഭാരത സംസ്കാരം
#cheraman #perumal #PerumalTemple
കടപ്പാട്
https://www.facebook.com/share/1BqQG8TXbs/JN
Comments
Post a Comment